Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്. ശബരിമല വിഷയത്തില്‍ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
കുറച്ച് സമയമെടുത്തായാലും ശബരിമല സ്വര്‍ണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും. കളവ് പറയാന്‍ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അല്പം കാലതാമസമുണ്ടാകും. തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണ്. തന്ത്രിയെ ദൈവതുല്യനെന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെയെത്തി. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല.
പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തിയെന്ന ചോദ്യത്തിന് ഉത്തരം വേണം. ഇതിനെക്കുറിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് ശരിയായ ദിശയിലാണ് അന്വേഷിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് ഡിജിപി പ്രതികരണവുമായി രംഗത്തുവന്നത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. അന്വേഷണ സംഘത്തിനുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞു.
എസ്ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴിനൽകിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനപൂർവമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതിയത് പത്മകുമാറാണെന്നും എസ്ഐടി കണ്ടെത്തി. സ്വർണം പൂശാൻ തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല.
കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രിയല്ല. അത്തരം രേഖകൾ ലഭ്യമല്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചു. പാളികൾ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോർഡ് പ്രസിഡന്റ് രേഖകൾ പരിശോധിച്ചില്ല.
കേസിൽ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് 11-ാം പ്രതിയാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. ശബരിമല സ്വർണക്കവർച്ചക്കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. രേഖകൾ മറച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടിക്ക് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു.
നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു.
വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. അതേസമയം അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി അടൂർ പ്രകാശ് എംപി. ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ അടുത്ത ബന്ധമുണ്ട്.
ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഉണ്ണി കൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണം.
പോറ്റിയും സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാനാണ്. ഇതിനായി മുൻകൂർ അനുമതി വാങ്ങിയിരുന്നു.
അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. ഡൽഹിയിലെത്തിയപ്പോൾ കൂടെ വരണമെന്ന് പോറ്റി അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടർ ആയതുകൊണ്ടാണ് കൂടെ പോയതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ കൂടുതൽ ഭാഗങ്ങളിൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
കൂടാതെ ശബരിമല ശ്രീകോവിലിനു സമീപത്തുള്ള ഉപദേവാലയങ്ങളിലെ സ്വർണം പൂശിയ പാളികളും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണു നിഗമനം. ഇവിടങ്ങളിലെ താഴികക്കുടങ്ങളും സ്വർണം പൂശിയവയാണ്. ഇവ അടക്കമുള്ളവയും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തൽ നടത്തിയോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിലാകും ഇക്കാര്യങ്ങൾ വ്യക്തമാകുക.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയ്ക്കു മുകളിൽ പതിപ്പിച്ചിരുന്ന ശിവ-വ്യാളീരൂപമടങ്ങിയ പ്രഭാമണ്ഡലത്തിന്റെ പാളികളിലെ സ്വർണവും കൊള്ളയടിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീകോവിലിന്റെ കൂടുതൽ സ്ഥലങ്ങളിലെ പാളികളിലെ സ്വർണം വിശദ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുന്നത്.
ശ്രീകോവിലിൽ വിജയ് മല്യ സ്വർണം പൂശി നൽകിയതു കൂടാതെ ചെന്പ് പാളികളിൽ ക്ഷേത്രം പുനർനിർമിച്ചപ്പോൾ തനി തങ്കം പതിപ്പിച്ചിരുന്നിരുന്നു. വലിയ ഭാരം വരുന്ന പ്രഭാമണ്ഡലത്തിൽ അടക്കം ഇത്തരത്തിൽ ചെന്പ് പാളികളിൽ തങ്കം പൊതിഞ്ഞിരുന്നതായാണ് രേഖകൾ. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനകളാണ് വേണ്ടിവരുന്നത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിട്ടുള്ള ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ടു ചെമ്പ് പാളികളിലും രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രണ്ടു ചെന്പ് പാളികളിലും കട്ടിളയുടെ മുകൾപ്പടി ചെന്പ് പാളിയിലും കട്ടിളയ്ക്കു മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ഏഴു പാളികളിൽനിന്നു സ്വർണം വേർതിരിച്ചതായാണ് കണ്ടെത്തൽ.
ചെമ്പ് വേർതിരിച്ച പാളികളിലെ സ്വർണത്തിന്റെ അളവ് കണ്ടെത്താൻ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്നു സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ വിഎസ്എസ് സിയിലേക്ക് അയച്ചിരിക്കുകയാണ്. കോടതി മുഖേനെയാണ് ഇതിന്റെ പരിശോധനകൾ നടത്തിവരുന്നത്. ഇതിനൊപ്പം കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്.
മൂന്നുപേരുടെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളിൽ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കു നീട്ടി.
നവംബർ ആറിന് അറസ്റ്റിലായ കെ.എസ്. ബൈജു ജുഡീഷൽ കസ്റ്റഡിയിലാണ്.
പങ്കജ്, ഗോവർധൻ എന്നിവരെ ഡിസംബർ 19-നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഹാജരാക്കാതെയാണ് റിമാൻഡ് ദീർഘിപ്പിച്ചത്. ശബരിമലയിലെ സ്വർണം ഉരുക്കിയെടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഏൽപിച്ചത് പങ്കജിന്റെ സ്മാർട്ട് ക്രിയേഷൻസിലാണ്. അവിടെ ഉരുക്കി വേർതിരിച്ച സ്വർണം വിറ്റത് പോറ്റിയുടെ സഹായി കൽപേഷ് മുഖേന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. സ്വര്‍ണക്കൊള്ളയിൽ സിപിഎം നേതാക്കൾ സംശയത്തിന്റെ നിഴലിലാണ്.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനായി സർക്കാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നും വി.ഡി. സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്താൽ പാർട്ടിക്ക് തിരിച്ചടിയാകും.
അതിനാൽ ചോദ്യം ചെയ്യൽ മനപൂർവം നീട്ടിവെക്കുകയായിരുന്നു. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു.
എസ്ഐടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് അടുത്ത മാസം 12വരെ ഇയാളെ റിമാൻഡു ചെയ്തത്.
ബോർഡിന് നഷ്ടമുണ്ടാകും വിധം പ്രതികളെ സഹായിക്കാൻ രേഖകളിൽ കൃത്രിമം നടത്തി എന്നതക്കടമുള്ള കുറ്റമാണ് വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ 31 ന് പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു വിജയകുമാർ.
പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗങ്ങളാണ് എൻ.വിജയകുമാറും കെ.പി. ശങ്കര്‍ദാസും. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാത്തത് ഹൈക്കോടതി വിമർശിച്ചിരുന്നു.
Kerala
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം. പ്രത്യേകാന്വേഷണ സംഘം ഡി. മണിയെന്ന തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്തു. ഇയാളോട് തിരുവനന്തപുരത്ത് ഹാജരാകാൻ എസ്ഐടി നിർദേശം നൽകി.
വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന് എന്നാണ്. മണിയും സംഘവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളാണെന്നും റിപ്പോർട്ടുകളുണ്ട്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയുമാണ് ശബരിമലയിലെ കൊള്ളയില്‍ മണിക്കും പങ്കുണ്ടെന്ന് ആരോപിച്ചത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മണി വാങ്ങിയെന്നാണ് വ്യവസായി മൊഴി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി തമിഴ്നാട്ടിലെത്തിയത്. എന്നാൽ താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണെന്നും സ്വർണക്കച്ചവടവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എസ്ഐടി. അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി നീക്കം ആരംഭിച്ചു.
ഇതിനായി എസ്ഐടി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ലോഹപാളികളിലുള്ളത് ശബരിമല സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വർണംകിട്ടിയപ്പോൾ കുറ്റബോധം തോന്നി.
പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവർദ്ധൻ മൊഴി നൽകി. പണം നൽകിയതിന്റെ തെളിവുകളും ഗോവർദ്ധൻ എസ്ഐടിക്ക് നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ മൊഴി നൽകി.
പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിലാണ് ഗോവർദ്ധൻ മൊഴി നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും പ്രായശ്ചിത്തമായി അന്നദാനം നടത്തിയെന്നുമാണ് ഗോവർദ്ധന്റെ മൊഴി നൽകി.
അതേസമയം കേസിന്റെ രേഖകൾ ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. എഫ്ഐആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവ ഇഡിക്ക് കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസ് ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഇഡി അന്വേഷണം ആവശ്യമില്ലെന്ന എസ്ഐടിയുടെ നിലപാട് തള്ളിയാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാനും പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.
കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. ഇഡി സമാന്തര അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴിനൽകി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും മുൻപ് അദ്ദേഹം ആരോപിച്ചിരുന്നു. ഇതേപ്പറ്റി അറിവുള്ളയാൾ തന്നോട് പറഞ്ഞുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു.
നേരത്തെ മൊഴിനൽകാനെത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന്റെ അസൗകര്യം മൂലം മാറ്റുകയായിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മുന്നില്‍ പറഞ്ഞു. അവർ അന്വേഷിക്കട്ടെയെന്നും മൊഴി നല്കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം എസ്ഐടി തീരുമാനിക്കട്ടെ. അത് സത്യമാണെന്നാണ് തന്റെ വിശ്വാസം. കൈമാറിയത് തെളിവുകളല്ല വിവരങ്ങളാണ്. തന്റെ ഉത്തരവാദിത്വമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതി പാലക്കാട്ടെ ഫ്ലാറ്റിലെത്തിയതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. സിസിടിവി ഡിവിആറിന് ബാക്ക്അപ്പ് കുറവാണെന്നാണ് സൂചന.
സമീപത്തെ കൂടുതൽ സിസിടിവികൾ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. മേയ് അവസാന ആഴ്ചയിലെ രണ്ടു ദിവസമാണ് യുവതി പാലക്കാട്ടെ ഫ്ലാറ്റിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധ.
നേരത്തെ ഫ്ലാറ്റിലെത്തിയ പോലീസ് സംഘം ആദ്യം ഒരു പ്രാധമിക പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് വീണ്ടും വിശദമായ പരിശോധന നടത്തി. രാവിലെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. അന്വേഷണത്തിന്റെ ഭാഗമായി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്.
അതിൽ അനുമതി നൽകുക മാത്രമാണ് താൻ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.
ഗോവർദ്ധൻ ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തിയാണ്. അങ്ങനെയാണ് പരിചയപ്പെട്ടത്. തനിക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി. സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായ കൽപ്പേഷ് വഴിയാണ് വിൽപ്പന നടത്തിയതെന്നും കണ്ടെത്തി. അന്വേഷണ സംഘം ജ്വല്ലറിയിൽ നിന്നും ഈ സ്വർണം കണ്ടെടുത്തിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.
ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയ ശേഷം തുടർനീക്കമെന്ന നിലപാടിലാണ് എസ്ഐടി. എ.പത്മകുമാർ ഉൾപ്പടെയുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം അതിനുശേഷം തീരുമാനിക്കുമെന്നാണ് സൂചന.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മതപണ്ഡിതനുൾപ്പടെ മൂന്നുപേരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഇമാം മുഹമ്മദ് ആസിഫിനെയും ഇയാളുടെ രണ്ട് സഹായികളെയും ഉത്തരാഖണ്ഡിൽ ഹൽദവാനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.
സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും പുറത്ത് വന്നിരുന്നു.
ഉമർ അടക്കമുള്ളവരുമായി വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജുവിന്റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ഇയാളെ വീണ്ടും റിമാൻഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബൈജുവിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ കെ.എസ്.ബൈജുവിനെ വൈകുന്നേരം നാലുവരെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളുടെ കേസിലാണ് നടപടി. സ്വർണക്കൊള്ളയിൽ കെ.എസ്.ബൈജു ഏഴാം പ്രതിയാണ്. 2019ൽ മഹസർ തയാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിടുമ്പോഴും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ.
സ്വർണപ്പാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ കെ.എസ്. ബൈജു സ്ഥലത്ത് ഉണ്ടായിരുന്നില്ല. പാളികള്‍ കൈമാറുമ്പോൾ തൂക്കം ഉൾപ്പടെ രേഖപ്പെടുത്തേണ്ടത് തിരുവാഭരണം കമ്മീഷണറാണ്. ഈ സമയത്തെ അസാന്നിധ്യം അടക്കം ഗൂഢാലോചനയ്ക്ക് തെളിവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നും സൂചനയുണ്ട്.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളിയും ദ്വാരപാലക ശിൽപ്പവും ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ പൂജയ്ക്ക് വച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു.
അതേസമയം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ഭൂമി ഇടപാടുകളിലേക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചു. പത്മകുമാറിന്റെ പന്തളത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
Kerala
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ. പത്മകുമാറിന്റെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുന്നു. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകൾ വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ പ്രതികളുടെ വീടുകളിലും സമാനമായ പരിശോധന നടന്നിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പത്മകുമാറിനുമേലുള്ളത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘമാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഐടി തലവൻ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്തത്. പത്മകുമാറിനെ ഉടൻ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. മുൻ എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് പത്മകുമാർ ആയിരുന്നു. കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്.
അതേസമയം സ്വർണമോഷണ കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വർണപ്പാളികളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കായി എസ്ഐടി ഇന്ന് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ചത്.
കട്ടിളപ്പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്.
അതേസമയം, കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ. വാസുവിനെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയിൽ അപേക്ഷ നൽകും.
Kerala
പമ്പ: ശബരിമലയിലെ സ്വർണക്കൊള്ളയിൽ എസ്ഐടി പരിശോധന പൂർത്തിയായി. പുലർച്ചെയോടെയാണ് പരിശോധന അവസാനിച്ചത്. ശബരിമലിയിൽനിന്നും എസ്ഐടി സംഘം സാമ്പിളുകൾ ശേഖരിച്ചു.
കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്കു കൊണ്ടുപോകുകയും തിരികെ സ്ഥാപിക്കുകയും ചെയ്തതായി പറയുന്ന ശ്രീകോവിൽ കട്ടിള, വാതിൽ, ദ്വാരപാലക ശിൽപപാളികളുടെ പീഠം എന്നിവയുടെ സാമ്പിളുകളും സംഘം ശേഖരിച്ചു. 1998-99 കാലത്ത് വിജയ് മല്യ സ്ഥാപിച്ച സ്വർണപ്പാളികളുടെ സാമ്പിളുകളും ചെമ്പും പ്രത്യേകമായും ശേഖരിച്ചു.
കാലപ്പഴക്കമടക്കം നിർണയിക്കാൻ ലക്ഷ്യമിട്ടായിരുന്നു കേസിലെ നിർണായക നീക്കം. ദേവസ്വം സ്മിത്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ പാളികൾ സ്ഥലത്തുവച്ച് പരിശോധിക്കുകയും ചെയ്തു. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങും.
സ്വർണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണം ശേഖരിച്ചിരിക്കുന്നത്.
സന്നിധാനത്തെത്തി ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.
സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിൽ പരിശോധനയ്ക്ക് അയക്കും. ശബരിമലയിൽനിന്ന് കടത്തിയ പാളികളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തുവെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ, നിലവിലുണ്ടായിരുന്ന ചെമ്പ് പാളികൾ മാറ്റി പുതിയതിൽ സ്വർണം പൂശി എത്തിച്ചതാണെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ഇതിലും ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തതയാകുമെന്നാണ് വിലയിരുത്തൽ. 42 കിലോ ഉണ്ടായിരുന്ന സ്വർണപാളി എങ്ങനെ 38 കിലോയായെന്നതിലും വിശദ പരിശോധനയുണ്ടായി.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് നിര്‍ണായക തെളിവെടുപ്പ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയും ശ്രീകോവിലിന്റെ വലതുഭാഗത്തെ പാളികളും ഇളക്കിമാറ്റിയിട്ടുണ്ട്.
സ്വർണപ്പാളികളുടെ തൂക്കം നിര്‍ണയിക്കും. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനഃസ്ഥാപിക്കും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലെത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയ്ക്കു വിദഗ്ധരായവര്‍ സംഘത്തിലുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമുള്ള പരിശോധന ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം നടത്താനാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അനുമതി നല്‍കിയത്. ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശമാടി അനുജ്ഞ വാങ്ങി. തുടര്‍ന്നാണ് പരിശോധന നടന്നത്.
ശബരിമല ശ്രീകോവിലില്‍ 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസിന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന തിങ്കളാഴ്ച നടത്തും. ഇതിനായി എസ്പി ശശിധരനും എസ്ഐടി സംഘവും പമ്പയിലെത്തി. ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക.
പമ്പയിലെത്തിയ എസ്ഐടി സംഘം ഇന്ന് വൈകുന്നേരം സന്നിധാനത്തേയ്ക്ക് പോകും. ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ശ്രീകോവിലിലെ ദ്വാരപാലക പാളി ,കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ സംഘം ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണപ്പാളികളുടെയും ചെമ്പുപ്പാളികളുടെയും സാമ്പിളും ശേഖരിക്കും.
സന്നിധാനത്ത് നിന്ന് സ്വർണപ്പാളി കടത്തിയോ ഇതിൽ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ നോക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന ഫലമാണ് കേസിനെ മുന്നോട് നയിക്കുക.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എൻ.വാസുവിനെ റിമാൻഡു ചെയ്തു. 24വരെയാണ് റിമാൻഡു ചെയ്തത്. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് വാസു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ വാസു 2019 മാർച്ച് 19ന് നിർദേശം നൽകിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
ഈ സമയത്ത് വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയിരുന്നു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍. വാസുവിന് അറിയാമായിരുന്നുവെന്ന് സുധീഷ് കുമാര്‍ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വൈകുന്നേരം 7.10 ഓടെയാണ് എൻ.വാസുവുമായി പ്രത്യേകാന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. റാന്നി കോടതി അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയത്.
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, സ്വർണ മോഷണം അടക്കമുള്ള കുറ്റങ്ങൾ എൻ.വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്. വാസു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് വൈകുന്നേരത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. റിമാന്‍ഡ് ചെയ്ത ശേഷം പിന്നീട് കുടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
വ്യാഴാഴ്ച രാത്രിയിലാണ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ ഗുരുതര ക്രമക്കേടും പിടിപ്പുകേടും ബൈജുവിന്റെ ഭാഗത്തുനിന്നുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും അയാൾക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ആരെല്ലാം സ്വർണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി വിവിധയിടങ്ങളിൽ നിന്ന് സ്വർണസാമ്പിൾ ശേഖരിക്കാം. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണായ കണ്ടെത്തലുമായി അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെയുള്ളവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനെയും പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി.
പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. കട്ടിളപ്പാളിക്കേസിൽ മൂന്നാം പ്രതിയാണ് വാസു. കേസിൽ എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
19.03.2019-ൽ മുൻ ദേവസ്വം കമ്മീഷണറുടെ ശിപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. ഈ കാലയളവിൽ എൻ.വാസുവാണ് കമ്മീഷണർ.
കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. തട്ടിപ്പിൽ ഉന്നതരുടെ കൂടുതൽ ഇടപെടൽ അടക്കം റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടി സംഘത്തലവന് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രേഖകള്‍ പരിശോധിച്ചു.
ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് റാന്നി കോടതിയില്‍ ഹാജരാക്കണം. രണ്ടാമത്തെ കേസില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ഒരുമിച്ചിരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അന്വേഷണ പുരോഗതി വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു
ബംഗളൂരുവിലെ ഇയാളുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു.
ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. 30ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും.
ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്.
അതേസമയം, കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്.
വ്യാഴാഴ്ച മുരാരിബാബുവിന്റെയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കുറച്ചു കൂടി തെളിവുകള്‍ ശേഖരിച്ച ശേഷമാകും മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുക.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. അന്വേഷണ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ സർക്കാരിനെയും ദേവസ്വം ബോർഡിനെയും ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കിയാണ് കോടതി സ്വമേധയാ പുതിയ കേസെടുത്തത്.
അടച്ചിട്ട കോടതി മുറിയിൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി. സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് എസ്. ശശിധരനിൽ നിന്നും, ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാറിൽ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് ശേഷം ദേവസ്വം സർക്കാർ അഭിഭാഷകരെ കൂടി കോടതിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്. കേസിൽ ഗൂഡാലോചന പുറത്ത് വരണമെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനുമാണ് നിലവിൽ ശബരിമലയിലെ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും,സ്മാർട്ട് ക്രിയേഷൻസിനെയും ഒഴിവാക്കി.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.
അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി എസ്. ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി. ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
1998ല്‍ ദ്വാരപാലക ശില്പങ്ങള് അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്കിയാല് പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് വിവരം.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രിതമായ ഗുഢാലോചന നടന്നു.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
സ്വര്‍ണക്കവര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയുടെ സഹായി അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച രാത്രിയോടെ വിട്ടയച്ചിരുന്നു.
അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയെ മാത്രമെ അറിയിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനു മേല്‍നോട്ടചുമതല കോടതി നല്‍കിയിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ്.